Update Body
ഓപ്പറേഷൻ തൂഫാൻ - രണ്ടാംഘട്ടം



നീലേശ്വരം നഗരസഭയിൽ

ലഹരി വിരുദ്ധ ജനകീയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു



കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകൾക്കും ലഹരി ഉപയോഗത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് നീലേശ്വരം നഗരസഭയിൽ തുടക്കമായി. പോലീസിന്റെ നിയമപാലന ശേഷിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ആരോഗ്യ - വിദ്യാഭ്യാസ സംവിധാനങ്ങളുടെ വിദഗ്ദ പിന്തുണയും, കുടുംബശ്രീയുടെയും യുവജനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തവും ഏകോപിപ്പിക്കുന്നതിലൂടെ, ലഹരി വിരുദ്ധപ്രവർത്തനങ്ങളെ ഓരോ വാർഡിലേക്കും ഓരോ കുടുംബത്തിലേക്കും എത്തിക്കുകയാണ് ഓപ്പറേഷൻ തൂഫാൻ 2.0 യിലൂടെ ലക്ഷ്യമിടുന്നത്.



ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ തൂഫാൻ പതാക ഉയർത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ കെചന്ദ്രൻ, ഇ.ചന്ദ്രമതി, ഷെമീന മുഹമ്മദ്, കെ.സതീശൻ, കൗൺസിലർ മാരായ പി.വി.സതീശൻ, പി.വിനോദ്കുമാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നീലേശ്വരം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സാബു സി. എം ലഹരി വിരുദ്ധക്ലാസ് കൈകാര്യം ചെയ്തു. പരിപാടിയിൽ നഗരസഭാ കൌൺസിലർമാർ, രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, അധ്യാപകർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അനുപമ സദാനന്ദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ്.പി സ്വാഗതം പറഞ്ഞു. സബ്ബ് ഇൻസ്‌പെക്ടർ ചെയർമാനെ തൂഫാൻ ബാഡ്ജ് അണിയിച്ചു. തുടർന്ന് സംസ്ഥാനതല ഉദ്ഘാടനം സ്ക്രീനിൽ പ്രദർശിപ്പിച്ചു.



ലഹരിമുക്ത കുടുംബം- ലഹരി മുക്ത വിദ്യാലയം- ലഹരി മുക്ത വാർഡ്- ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ ജനകീയമായി മുന്നോട്ട് നയിക്കുന്നതിനുള്ള തുടർച്ചയായ സാമൂഹ്യ പ്രസ്ഥാനമായി ഓപ്പറേഷൻ തൂഫാൻ രണ്ടാഘട്ടം മാറണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
Update Image
1