കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട നഗരസഭയാണ് നീലേശ്വരം. താളങ്ങളുടെയും മേളങ്ങളുടെയും നാടായ നീലേശ്വരം ഉത്തര കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. അള്ളട സ്വരൂപത്തിലെ നീലേശ്വരം രാജ വംശത്തിന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. നീലകണ്ഠേശ്വരനായ ശിവനില്‍ നിന്നും, നീലമഹര്‍ഷിയില്‍ നിന്നുമാണ് നീലേശ്വരം എന്ന പദത്തിന്‍റെ ഉത്ഭവം എന്ന രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. തേജസ്വിനി പുഴയും, നീലേശ്വരം പുഴയും, അറബിക്കടലും അതിരിടുന്ന ഭൂപ്രദേശവുമാണ് നീലേശ്വരം.

    നീലേശ്വരത്തെ ഉയരമുള്ള പ്രദേശങ്ങളില്‍ ലാറ്ററ്റെറ്റ് മണ്ണും, ഇടപ്രദേശങ്ങളില്‍ ചുവന്ന പശിമരാശിയുള്ള ലാറ്ററൈറ്റും, തീരപ്രദേശങ്ങളില്‍ പൂഴി മണലും കാണപ്പെടുന്നു. നീലേശ്വരം നഗരസഭയില്‍ നീലേശ്വരം, പേരോല്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. ധാരാളം വയലുകള്‍ നിറഞ്ഞ പ്രദേശമാണ് നീലേശ്വരം. തദ്ദേശീയര്‍ പരമ്പരാഗതമായി കാര്‍ഷികവ്യത്തിയില്‍ ഏര്‍പ്പെട്ടവരാണ്. കൂടാതെ പരമ്പരാഗത കൈതൊഴിലുകളായ നെയ്ത്ത്, പായ, കൂട്ടമെടയല്‍, മത്സ്യബന്ധനം, മണ്‍പാത്രനിര്‍മ്മാണം, ലോഹപാത്ര നിര്‍മ്മാണം എന്നിവയില്‍ വൈദഗ്ധ്യം നേടിയവര്‍ ഒരു കാലത്ത് നീലേശ്വരത്ത് ഉണ്ടായിരുന്നു. തളിക്ഷേത്രത്തിനു ചുറ്റിലുമായി വികസിച്ചു കിടന്നിരുന്ന സംസ്ക്കാരത്തിന്‍റെ ശേഷിപ്പുകള്‍ ഇന്നും നീലേശ്വരത്ത് കാണാം. 
 

Nileshwar nileshwarammlty@gmail.com 0467-2280360