സ്വച്ഛതയുടെ അറിവിൽ മാറ്റുരച്ച് വിദ്യാർഥികൾ; നീലേശ്വരം നഗരസഭയിൽ ക്വിസ് മത്സരം
നീലേശ്വരം : സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി നീലേശ്വരം നഗരസഭ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന മത്സരം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ സതീശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ .എ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ വി കെ സ്വാഗതം പറയുകയും ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് പി ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ സതീശൻ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.
എച്ച്.എസ്. & എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.
എച്ച്.എസ്. & എച്ച്.എസ്.എസ്. വിഭാഗത്തിൽ രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അശ്വിൻരാജ് കെ ഒന്നാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിഗോവിന്ദ് സി രണ്ടാം സ്ഥാനവും നേടി. നഗരസഭാ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ വിദ്യാർത്ഥികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു . ക്വിസ് മാസ്റ്റർ കെ സതീശൻ അവർകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അവ അവതരിപ്പിച്ച രീതിയും അവയെ കുറിച്ചുള്ള അതികവിവരങ്ങകളും കുട്ടികൾക്ക് ഇനി വരുന്ന മത്സരങ്ങളിലെക്കുള്ള മുതൽകൂട്ടാണെന്ന് വിദ്യാർത്ഥികൾ അറിയിച്ചു .
ശുചിത്വം , മാലിന്യസംസ്കരണം, ഗാന്ധിജയന്തി തുടങ്ങിയ വിഷയങ്ങളിലെ വിദ്യാർഥികളുടെ അറിവും അവബോധവും വർധിപ്പിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്. സ്വച്ഛതയുടെ സന്ദേശം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നഗരസഭ സംഘടിപ്പിച്ചുവരുന്നു.