Update Body
നീലേശ്വരം : നീലേശ്വരം നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയ കെട്ടിട ഉടമകളുടെ യോഗം നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സംബന്ധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. രാജാ റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ധനസഹായം ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും എന്നാൽ അതീവ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി റിപ്പയർ ചെയ്യണമെന്നും നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി യോഗത്തിൽ നിർദ്ദേശിച്ചു. രാജാറോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടതല്ലാത്ത നഗരസഭയിലെ മറ്റ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഡിസംബർ 31 നകം പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ പൊളിച്ചു മാറ്റുുന്നതിനു പകരം അറ്റകുറ്റപ്പണി ചെയ്ത കെട്ടിടങ്ങൾ സ്റ്റബലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭയിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കൊണ്ട് നഗരസഭ തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .
യോഗത്തിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു കാര്യങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻ പി എം സന്ധ്യ ,മരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ചന്ദ്രമതി, കൗൺസിലർ പി വി സതീശൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആദർശ് അശോകൻ, നഗരസഭ റവന്യൂ ഇൻസ്പെക്ടർമാരായ രാജേഷ്,അൻവർ സാദത് എന്നിവർ സംസാരിച്ചു . നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം പറഞ്ഞു .
Update Image
1
Nileshwar nileshwarammlty@gmail.com 0467-2280360