Update Body
നീലേശ്വരത്തിന്‍റെ വികസനത്തിന് മാസ്റ്റർ പ്ലാൻ - മാസ്റ്റർ പ്ലാൻ കമ്മിറ്റിയും സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പും നിലവിൽ വന്നു
നീലേശ്വരം: നഗരത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി നഗരസഭ മാസ്റ്റർ പ്ലാൻ കമ്മിറ്റിയും സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. വിവിധ മേഖലകളിലെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുകയും വിശകലനം ചെയ്യുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വസ്തുതകൾ രേഖപ്പെടുത്തുകയും ചെയ്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് കമ്മിറ്റികളുടെ ചുമതല.

മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായി നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയെയും, സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പ് ചെയർമാനായി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതിയെയും തെരഞ്ഞെടുത്തു. നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ കൺവീനറും ജില്ലാ ടൗൺ പ്ലാനർ എസ്. നിധിൻ കുമാർ മെമ്പർ സെക്രട്ടറിയുമാണ്.

വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.ചന്ദ്രൻ, എ.വി.സുരേന്ദ്രൻ, കെ.സതീശൻ, ഷമീനാമുഹമ്മദ്, കൗൺസിലർ മാരായ പി.വി. സതീശൻ, ഇ.ഷജീർ, പി.യു.രാമകൃഷ്ണൻ, പി.വി.സുനിത, വി.കെ. റഷീദ ,നഗരസഭ അസിസ്റ്റൻ്റ് എഞ്ചിനീയർ വിനോദ് കുമാർ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ, ഡോ.വി.സുരേഷൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ. ഉഷ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. ദാമോദരൻ, ആർക്കിടെക്റ്റ് ഹരീഷ്ബാബു എന്നിവരും അംഗങ്ങളാണ്.

‘വിഷൻ 2041’ എന്ന കാഴ്ചപ്പാടിൽ ഗതാഗതം, ടൂറിസം, പാർപ്പിടം, വാണിജ്യം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്ന് പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും രേഖ അന്തിമമാക്കുക. നഗരസഭാ കൌൺസിൽ അംഗീകരിക്കുന്ന അന്തിമ രേഖ സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി പ്രസിദ്ധപ്പെടുത്തുന്നതോടു കൂടി നീലേശ്വരം നഗരസഭയിൽ മാസ്റ്റർ പ്ലാൻ നിലവിൽ വരും.
(11/09/2026 )
Update Image
master plan
Nileshwar nileshwarammlty@gmail.com 0467-2280360