ജലാശയ ശുചീകരണ യജ്ഞം
കോട്ടപ്പുറം ബോട്ട് ടെർമിനൽ ശുചീകരിച്ച് നീലേശ്വരം നഗരസഭ
നീലേശ്വരം: ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി നീലേശ്വരം നഗരസഭ നടപ്പിലാക്കുന്ന ജലാശയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കോട്ടപ്പുറം ബോട്ട് ടെർമിനൽ പരിസരവും പുഴയോരവും ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കാളികളായി.
നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
“നമ്മുടെ ജലാശയങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. അവയെ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടത് നഗരസഭയുടെ മാത്രം ഉത്തരവാദിത്വമല്ല, ഓരോ പൗരന്റെയും കടമയാണ്. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുകയും ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് നഗരസഭയുടെ ലക്ഷ്യം. ശുചിത്വ പ്രവർത്തനങ്ങൾ ഒരു ദിവസത്തെ പരിപാടിയായി ഒതുക്കാതെ തുടർച്ചയായ പ്രവർത്തനമായി മുന്നോട്ടുകൊണ്ടുപോകും”, ചെയർമാൻ പറഞ്ഞു.
കോട്ടപ്പുറം ബോട്ട് ടെർമിനലും പരിസര പ്രദേശങ്ങളും വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രധാന ഇടമായതിനാൽ ഇവിടം വൃത്തിയായി സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലാശയ സംരക്ഷണത്തിനൊപ്പം മാലിന്യ സംസ്കരണത്തിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. നഗരസഭ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് നന്ദി രേഖപ്പെടുത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, കൗൺസിലർമാരായ എ.ജി.സൌദ, എം.ശാന്ത, പി.കെ.ഷിജിത, വി.വി.പ്രകാശൻ, പി.വി.സുനിത, കെ.വി.ലീല, സതി ഭരതൻ, ഇട്ടപ്പുറം പ്രദീപ്, കെ.പ്രകാശൻ, മുൻ കൗൺസിലർ റഫീഖ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു.
നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. കണ്ണൻ, പി.എച്ച്.ഐമാരായ ബീന വി.വി., ഷിജു കെ., ടിജോ കെ. ജോർജ്, ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
(11/09/2026)