Keralothsavam

നീലേശ്വരം: നീലേശ്വരം നഗരസഭയുടെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന് വർണാഭമായ തുടക്കം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ കായിക മത്സരങ്ങളോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നിർവഹിച്ചു.

യുവജനങ്ങളുടെ കായിക-കലാ പ്രതിഭകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ കേരളോത്സവം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. സതീശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.വി. സുരേന്ദ്രൻ, ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ സംസാരിച്ചു. അഖിലേഷ് പി. സ്വാഗതം പറഞ്ഞു.

നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, ജീവനക്കാർ, കായിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിലും കായിക മത്സരങ്ങൾ നടക്കും. നവംബർ 8-ന് കോട്ടപ്പുറം ഇ.എം.എസ് സ്മാരക ടൗൺഹാളിൽ കലാമത്സരങ്ങളോടെ കേരളോത്സവത്തിന് സമാപനമാകും.