കുരുന്നുകൾക്ക് ഇനി സ്മാർട്ട് പഠനം
തൈക്കടപ്പുറം സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
നീലേശ്വരം: നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും കെ.ഡി.പി (Kasargod Development Package) യുടെ ധനസഹായത്തോടെയും 27.59 ലക്ഷം രൂപ അടങ്കൽ തുക ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ തൈക്കടപ്പുറം സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവ്വഹിച്ചു. തീരദേശ മേഖലയിലെ കുട്ടികൾക്ക് മികച്ചതും അത്യാധുനികവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാർട്ട് അങ്കണവാടി നിർമ്മിച്ചിട്ടുള്ളത്. ആകെ 585 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വരാന്ത, കുട്ടികൾക്കുള്ള ഹാൾ, വാഷ് ഏരിയ, കുട്ടികൾക്കും ജീവനക്കാർക്കുമായി രണ്ട് ശൌചാലയങ്ങൾ, സ്റ്റോർ റൂം, കുടിവെള്ളം, ചുറ്റുമതിൽ, ചുമർ ചിത്രങ്ങൾ, പ്ലേ ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തി ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭാ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം ആശംസിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജില്ലാ നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ് മോഹൻ ചടങ്ങിൽ അവതരിപ്പിച്ചു.
ചടങ്ങിൽ നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീന മുഹമ്മദ്,എ.വി.സുരേന്ദ്രൻ,ഇ.കെ.ചന്ദ്രൻ, , ഇ.ചന്ദ്രമതി, കൌൺസിലർമാരായ പി.വി. സതീശൻ, ഇ.അനീഷ്. ശ്രീനിവാസൻ.കെ.പി, പി.അഖിലേഷ്, എം.ശാന്ത, കെ.വി.ലീല, ടി.വി.രജിത, പി.കെ.ഷിജിത, പി.വി.സുനിത എന്നിവരും, , വനിത – ശിശു വികസന പദ്ധതി ഓഫീസർ ഷൈലജ. പി.പി, ഐ സി ഡി എസ് സൂപ്പർവൈസർ ജെസി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി ടീച്ചർ നസീറ. കെ നന്ദി രേഖപ്പെടുത്തി. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.