Update Body
പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ ബസ്; നീലേശ്വരം നഗരസഭാ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു.

നീലേശ്വരം നഗരസഭാ പ്രത്യാശ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്ര കുറച്ചുകൂടി സുഗമമാക്കിക്കൊണ്ട് സ്‌കൂളിനായി അനുവദിച്ച പുതിയ ബസ് നീലേശ്വരം നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഫ്ലാഗ് ഓഫ് ചെയ്തു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും SML കമ്പനിയുടെ 35 സീറ്റുള്ള പുതിയ ബസാണ് സ്‌കൂളിന് അനുവദിച്ചത്. ബഡ്‌സ് സ്‌കൂൾ കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ഉത്സവ അന്തരീക്ഷത്തിലാണ് ബസിന്റെ കൈമാറ്റം നടന്നത്. 52 കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിൽ 31 കുട്ടികൾ സ്ഥിരമായി ക്ലാസ്സിൽ എത്താറുണ്ട്. 11 കുട്ടികളെ മാത്രം വഹിക്കാൻ ശേഷിയുള്ള ട്രാവലറിൽ മൂന്നോ നാലോ തവണ ട്രിപ്പെടുത്ത് വേണം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. അത് കുട്ടികളുടെ പഠന സമയത്തെയും മറ്റും കാര്യമായി ബാധിക്കുന്നതിനാലാണ് ഫെഡറൽ ബാങ്കിന്റെ സഹകരണത്താൽ പുതിയ ബസ് വാങ്ങിയതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.



2010 ജനുവരി 20-ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വെറും 16 കുട്ടികളുമായി പരിമിതമായ സാഹചര്യങ്ങളോടെയാണ് പ്രത്യാശ ബഡ്‌സ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ആധുനിക സൗകര്യങ്ങളോടെ കാസർഗോഡ് വികസന പാക്കേജിൽ നിന്നും അനുവദിച്ച 2,24,30,000 രൂപ ചെലവഴിച്ച് 10,900 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളിൽ നിർമ്മിച്ച കെട്ടിടം 2024 ലാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ നീലേശ്വരം നഗരസഭയുടെ കീഴിലാണ് സ്‌കൂളിന്റെ പരിപാലനമെങ്കിലും കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠനം നടത്തുന്നുണ്ട്.



നഗരസഭാ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷമീന മുഹമ്മദ്,ഇ ചന്ദ്രമതി, ഇ കെ ചന്ദ്രൻ, എ വി സുരേന്ദ്രൻ, കൌൺസിലർമാരായ സുനിത.പി.വി, പി.വി.സതീശൻ, പി.യു.രാമകൃഷ്ണൻ, വി.രാജം, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് ബിനു തോമസ്, ബാങ്ക് പ്രതിനിധികളായ രാഹുൽ കൃഷ്ണൻ വി, ദിലീപ് കൃഷ്ണ ബി, നഗരസഭാ സെക്രട്ടറി അനുപമ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ജലജ, ടീച്ചർ ശരണ്യ, പി ടി എ പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാജ്, എന്നിവർ പങ്കെടുത്തു. പുതിയ ബസ് കൂടി ലഭ്യമായതോടെ പ്രത്യാശയിലെ കുട്ടികളുടെ യാത്രാപ്രശ്നത്തിന് വലിയൊരു പരിഹാരമായിരിക്കുകയാണ്.
Update Image
1
2
3