Update Body
നീലേശ്വരം: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS)-ന്റെ അനുബന്ധ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരം പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രം (RARI), നീലേശ്വരം നഗരസഭയിൽ ജീവിതശൈലി രോഗങ്ങൾക്ക് പ്രാധാന്യം നൽകി ആയുർവേദ സർവേയും ആരോഗ്യ ക്യാമ്പും സംഘടിപ്പിക്കുന്നു.
ജീവിതശൈലി രോഗങ്ങളുടെ വ്യാപനം, ആരോഗ്യസ്ഥിതി, ജീവിതശൈലി രീതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രതിരോധ-പരിചരണ മാർഗങ്ങൾ കണ്ടെത്തുന്നതിനുമാണ് സർവേ ലക്ഷ്യമിടുന്നത്. സർവേയുടെ ഭാഗമായി ആരോഗ്യ പരിശോധനകളും ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ആയുർവേദ ശാസ്ത്രരംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നഗരസഭാ പരിധിയിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിനായി പ്രായോഗികമായ ആരോഗ്യപരിപാലന മാർഗങ്ങൾ നിർദേശിക്കുന്നതിനും പദ്ധതി സഹായകമാകും. ആയുർവേദ ചികിത്സാരീതികൾ, ഭക്ഷണക്രമം, വ്യായാമം, ദിനചര്യ എന്നിവ സംബന്ധിച്ച ആരോഗ്യബോധവത്കരണവും ക്യാമ്പിന്റെ ഭാഗമായി നൽകും.
നഗരസഭയുടെയും ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ സർവേയും ക്യാമ്പും സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അവലോകന യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി സുരേന്ദ്രൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ ചന്ദ്രൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഇ ചന്ദ്രമതി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീന മുഹമ്മദ്‌, കൗൺസിലർമാരായ അനീഷ്, പിവി സതീശൻ ഡോക്ടർമാരായ കീർത്തന മടപ്പാട്ട്, അഖില സി കെ എന്നിവർ സംബന്ധിച്ചു. നാളെയും മാറ്റന്നാളുമായി വാർഡ് 11പാലായി ൽ സർവ്വെയും, 21ന് തിങ്കളാഴ്ച പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ ക്യാമ്പും സംഘടിപ്പിക്കും.
Update Image
1