| നീലേശ്വരത്തിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ -മാസ്റ്റർ പ്ലാൻ കമ്മിറ്റിയും സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പും നിലവിൽ വന്നു | നീലേശ്വരത്തിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ നീലേശ്വരം: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി നഗരസഭ മാസ്റ്റർ പ്ലാൻ കമ്മിറ്റിയും സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. വിവിധ മേഖലകളിലെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുകയും വിശകലനം ചെയ്യുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വസ്തുതകൾ രേഖപ്പെടുത്തുകയും ചെയ്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് കമ്മിറ്റികളുടെ ചുമതല. മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായി നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയെയും, സ്പെഷ്യൽ ഇന്റഗ്രേഷൻ വർക്കിങ് ഗ്രൂപ്പ് ചെയർമാനായി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതിയെയും തെരഞ്ഞെടുത്തു. നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ കൺവീനറും ജില്ലാ ടൗൺ പ്ലാനർ എസ്. നിധിൻ കുമാർ മെമ്പർ സെക്രട്ടറിയുമാണ്. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.ചന്ദ്രൻ, എ.വി.സുരേന്ദ്രൻ, കെ.സതീശൻ, ഷമീനാമുഹമ്മദ്, കൗൺസിലർ മാരായ പി.വി. സതീശൻ, ഇ.ഷജീർ, പി.യു.രാമകൃഷ്ണൻ, പി.വി.സുനിത, വി.കെ. റഷീദ ,നഗരസഭ അസിസ്റ്റൻ്റ് എഞ്ചിനീയർ വിനോദ് കുമാർ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ, ഡോ.വി.സുരേഷൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ. ഉഷ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. ദാമോദരൻ, ആർക്കിടെക്റ്റ് ഹരീഷ്ബാബു എന്നിവരും അംഗങ്ങളാണ്. ‘വിഷൻ 2041’ എന്ന കാഴ്ചപ്പാടിൽ ഗതാഗതം, ടൂറിസം, പാർപ്പിടം, വാണിജ്യം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്ന് പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും രേഖ അന്തിമമാക്കുക. നഗരസഭാ കൌൺസിൽ അംഗീകരിക്കുന്ന അന്തിമ രേഖ സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി പ്രസിദ്ധപ്പെടുത്തുന്നതോടു കൂടി നീലേശ്വരം നഗരസഭയിൽ മാസ്റ്റർ പ്ലാൻ നിലവിൽ വരും. |
|
| ജലാശയ ശുചീകരണ യജ്ഞം-കോട്ടപ്പുറം ബോട്ട് ടെർമിനൽ ശുചീകരിച്ച് നീലേശ്വരം നഗരസഭ | ജലാശയ ശുചീകരണ യജ്ഞം
കോട്ടപ്പുറം ബോട്ട് ടെർമിനൽ ശുചീകരിച്ച് നീലേശ്വരം നഗരസഭ
നീലേശ്വരം: ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി നീലേശ്വരം നഗരസഭ നടപ്പിലാക്കുന്ന ജലാശയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കോട്ടപ്പുറം ബോട്ട് ടെർമിനൽ പരിസരവും പുഴയോരവും ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കാളികളായി. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
“നമ്മുടെ ജലാശയങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. അവയെ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടത് നഗരസഭയുടെ മാത്രം ഉത്തരവാദിത്വമല്ല, ഓരോ പൗരന്റെയും കടമയാണ്. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുകയും ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് നഗരസഭയുടെ ലക്ഷ്യം. ശുചിത്വ പ്രവർത്തനങ്ങൾ ഒരു ദിവസത്തെ പരിപാടിയായി ഒതുക്കാതെ തുടർച്ചയായ പ്രവർത്തനമായി മുന്നോട്ടുകൊണ്ടുപോകും”, ചെയർമാൻ പറഞ്ഞു.
കോട്ടപ്പുറം ബോട്ട് ടെർമിനലും പരിസര പ്രദേശങ്ങളും വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രധാന ഇടമായതിനാൽ ഇവിടം വൃത്തിയായി സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലാശയ സംരക്ഷണത്തിനൊപ്പം മാലിന്യ സംസ്കരണത്തിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. നഗരസഭ ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് നന്ദി രേഖപ്പെടുത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, കൗൺസിലർമാരായ എ.ജി.സൌദ, എം.ശാന്ത, പി.കെ.ഷിജിത, വി.വി.പ്രകാശൻ, പി.വി.സുനിത, കെ.വി.ലീല, സതി ഭരതൻ, ഇട്ടപ്പുറം പ്രദീപ്, കെ.പ്രകാശൻ, മുൻ കൗൺസിലർ റഫീഖ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു.
നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. കണ്ണൻ, പി.എച്ച്.ഐമാരായ ബീന വി.വി., ഷിജു കെ., ടിജോ കെ. ജോർജ്, ഹരിത കർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. (11/09/2026) |
|
| ലോക സാക്ഷരതാ ദിനം ആചരിച്ചു | നീലേശ്വരം: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിൽ സാക്ഷരതാദിനം ആചരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു. |
|
| പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ ബസ്; നീലേശ്വരം നഗരസഭാ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു. | പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ ബസ്; നീലേശ്വരം നഗരസഭാ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു.
നീലേശ്വരം നഗരസഭാ പ്രത്യാശ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്ര കുറച്ചുകൂടി സുഗമമാക്കിക്കൊണ്ട് സ്‌കൂളിനായി അനുവദിച്ച പുതിയ ബസ് നീലേശ്വരം നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഫ്ലാഗ് ഓഫ് ചെയ്തു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും SML കമ്പനിയുടെ 35 സീറ്റുള്ള പുതിയ ബസാണ് സ്‌കൂളിന് അനുവദിച്ചത്. ബഡ്‌സ് സ്‌കൂൾ കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ഉത്സവ അന്തരീക്ഷത്തിലാണ് ബസിന്റെ കൈമാറ്റം നടന്നത്. 52 കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിൽ 31 കുട്ടികൾ സ്ഥിരമായി ക്ലാസ്സിൽ എത്താറുണ്ട്. 11 കുട്ടികളെ മാത്രം വഹിക്കാൻ ശേഷിയുള്ള ട്രാവലറിൽ മൂന്നോ നാലോ തവണ ട്രിപ്പെടുത്ത് വേണം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. അത് കുട്ടികളുടെ പഠന സമയത്തെയും മറ്റും കാര്യമായി ബാധിക്കുന്നതിനാലാണ് ഫെഡറൽ ബാങ്കിന്റെ സഹകരണത്താൽ പുതിയ ബസ് വാങ്ങിയതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
2010 ജനുവരി 20-ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വെറും 16 കുട്ടികളുമായി പരിമിതമായ സാഹചര്യങ്ങളോടെയാണ് പ്രത്യാശ ബഡ്‌സ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ആധുനിക സൗകര്യങ്ങളോടെ കാസർഗോഡ് വികസന പാക്കേജിൽ നിന്നും അനുവദിച്ച 2,24,30,000 രൂപ ചെലവഴിച്ച് 10,900 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളിൽ നിർമ്മിച്ച കെട്ടിടം 2024 ലാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ നീലേശ്വരം നഗരസഭയുടെ കീഴിലാണ് സ്‌കൂളിന്റെ പരിപാലനമെങ്കിലും കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠനം നടത്തുന്നുണ്ട്.
നഗരസഭാ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷമീന മുഹമ്മദ്,ഇ ചന്ദ്രമതി, ഇ കെ ചന്ദ്രൻ, എ വി സുരേന്ദ്രൻ, കൌൺസിലർമാരായ സുനിത.പി.വി, പി.വി.സതീശൻ, പി.യു.രാമകൃഷ്ണൻ, വി.രാജം, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് ബിനു തോമസ്, ബാങ്ക് പ്രതിനിധികളായ രാഹുൽ കൃഷ്ണൻ വി, ദിലീപ് കൃഷ്ണ ബി, നഗരസഭാ സെക്രട്ടറി അനുപമ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ജലജ, ടീച്ചർ ശരണ്യ, പി ടി എ പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാജ്, എന്നിവർ പങ്കെടുത്തു. പുതിയ ബസ് കൂടി ലഭ്യമായതോടെ പ്രത്യാശയിലെ കുട്ടികളുടെ യാത്രാപ്രശ്നത്തിന് വലിയൊരു പരിഹാരമായിരിക്കുകയാണ് |
|
| നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം | നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം നീലേശ്വരം നഗരത്തിൽ ഓണക്കാലത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു. പാർക്കിംഗ് കേന്ദ്രങ്ങൾ 1. നീലേശ്വരം നഗരത്തിൽ എത്തുന്ന വാഹനങ്ങൾ നീലേശ്വരം പാലസ് ഗ്രൌണ്ടിൽ പാർക്ക് ചെയ്യാം. 2. കോൺവെന്റ് ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ഒമേഗ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഗ്രൌണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. 3. ഉത്രാട ദിനത്തിൽ നഗരത്തിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് നഗരസഭാ ഓഫീസ് കോമ്പൌണ്ട് പാർക്കിംഗിനായി ഉപയോഗിക്കാം. നോ പാർക്കിംഗ് 1. എൻ.എച്ച് - തെരു - തളിയിലമ്പലം – രാജാ ക്ലിനിക് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. 2. എൽ ഐ സി ഓഫീസ് മുതൽ പോസ്റ്റ് ഓഫീസ് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. അറിയിപ്പ് – 1. രാവിലെ 9 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയിൽ മെയിൻ ബസാറിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് Loading & Unloading നിരോധി ച്ചിരിക്കുന്നു. 2. വഴിയോര കച്ചവടം പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ ക്രമീകരിക്കേണ്ടതാണ്. 3. റെയിൽവെ യാത്രക്കാർ വാഹന പാർക്കിംഗിന് റെയിൽവെ പാർക്കിംഗ് സ്ഥലം ഉപയോഗപ്പെടുത്തേണ്ടതാണ്. റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പോലീസ് ഫൈൻ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. 19.08.2026 മുതൽ ഓണം വരെ ട്രാഫിക് ക്രമീകരണം കർശനമായി നടപ്പിലാക്കുന്നതാണ്. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ പി.എം.സന്ധ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ.ചന്ദ്രൻ, കെ.സതീശൻ, ഇ.ചന്ദ്രമതി, കൌൺസിലർ സതീശൻ.പി.വി, നീലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രകാശൻ.കെ.വി, വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധി സുരേഷ് കുമാർ.കെ.വി, എ.വിനോദ് കുമാർ, വ്യാപാര വ്യവസായ സമിതി പ്രതിനിധി, ഉദയൻ പാലായി, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ.ഉണ്ണി നായർ, സി.വിദ്യാധരൻ, റനീഷ് ബാബു, ആര്യക്കര വിജയൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ്.പി, റവന്യു ഇൻസ്പെക്ടർ രാജേഷ്.ടി.വി, മെമ്പർ സെക്രട്ടി ഷിജു.കെ എന്നിവർ പങ്കെടുത്തു (18/08/2026) |
|
| നീലേശ്വരം മുനിസിപ്പാലിറ്റിയും കൃഷിഭവനും സംയുക്തമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു | നീലേശ്വരം മുനിസിപ്പാലിറ്റിയും കൃഷിഭവനും സംയുക്തമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു നീലേശ്വരം കൃഷിഭവനിൽ നിന്ന് 9:30 മണിക്ക് ആരംഭിച്ച ഘോഷയാത്ര നീലേശ്വരം മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ എത്തിച്ചേരുകയും തുടർന്ന് വൈസ് ചെയർപേഴ്സൺ പി എം സന്ധ്യയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് നീലേശ്വരം കൃഷി ഓഫീസർ കൃഷ്ണ വേദിക സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മണ്ണ് പരിശോധനയുടെ ആവശ്യകതയെ കുറിച്ചും നാളികേര കൃഷിയിൽ ഉത്പാദന വർദ്ധനവിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിനെ കുറിച്ചും സംസാരിച്ചു. ചടങ്ങിൽ മുതിർന്ന കർഷകൻ കെ.നാരായണൻ തൈക്കടപ്പുറം , ജൈവകർഷകൻ രാമകൃഷ്ണൻ കെ പട്ടേന,വനിത കർഷക പ്രീത ദിവാകരൻ പാലായി , എസ്.സി കർഷക അമ്മിണി പി കടിഞ്ഞിമൂല,വിദ്യാർത്ഥി കർഷകൻ ഗോകുൽ ഗോവിന്ദ് പഴനെല്ലി എന്നിവരെ ചെയർമാൻ പൊന്നാടയും വിളക്കും തളികയും നൽകി ആദരിച്ചു. ഇ കെ ചന്ദ്രൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , എ വി സുരേന്ദ്രൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , ഇ ചന്ദ്രമതി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , കെ സതീശൻ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി യു രാമകൃഷ്ണൻ, പി ശ്രീജ, നീലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രതിനിധി കെ ചന്ദ്രശേഖരൻ, കെ വി ദാമോദരൻ, സാഗർ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രാജീവൻ പുതുക്കുളം, കെ വി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് റിട്ട. കൃഷി അഡീഷണൽ ഡയറക്ടർ ആർ വീണറാണി അടുക്കളത്തോട്ടം എന്ന വിഷയത്തിൽ ക്ലാസെടുത്തു. 120 ഓളം കർഷകർ പങ്കെടുത്ത ചടങ്ങിന് നീലേശ്വരം കൃഷിഭവനിലെ അസിസ്റ്റൻ്റ് കൃഷി ഓഫീസർ സതീശൻ പി നന്ദി അറിയിച്ചു |
|
| നീലേശ്വരം നഗരസഭയിൽ അപകടാവസ്ഥയിലുള്ള കെട്ടിട ഉടമകളുടെ യോഗം വിളിച്ചു ചേർത്തു | നീലേശ്വരം നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയ കെട്ടിട ഉടമകളുടെ യോഗം നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സംബന്ധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. രാജാ റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ധനസഹായം ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും എന്നാൽ അതീവ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി റിപ്പയർ ചെയ്യണമെന്നും നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി യോഗത്തിൽ നിർദ്ദേശിച്ചു. രാജാറോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടതല്ലാത്ത നഗരസഭയിലെ മറ്റ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഡിസംബർ 31 നകം പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ പൊളിച്ചു മാറ്റുുന്നതിനു പകരം അറ്റകുറ്റപ്പണി ചെയ്ത കെട്ടിടങ്ങൾ സ്റ്റബലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭയിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കൊണ്ട് നഗരസഭ തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .
യോഗത്തിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു കാര്യങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻ പി എം സന്ധ്യ ,മരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ചന്ദ്രമതി, കൗൺസിലർ പി വി സതീശൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആദർശ് അശോകൻ, നഗരസഭ റവന്യൂ ഇൻസ്പെക്ടർമാരായ രാജേഷ്,അൻവർ സാദത് എന്നിവർ സംസാരിച്ചു . നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം പറഞ്ഞു . (23/07/2026) |
|
| ശുചിത്വ നീലേശ്വരം ലക്ഷ്യമാക്കി നീലേശ്വരത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര ആരംഭിച്ചു | നീലേശ്വരം: ശുചിത്വ കേരളം എന്ന ലക്ഷ്യം മുൻനിർത്തി നീലേശ്വരം നഗരസഭയും ജില്ലാ കെ.എസ്.ഡബ്ല്യു.എം.പി.യും (KSWMP) സംയുക്തമായി നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി വാഹനയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ. വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വീടുകളിലെ ഉറവിട മാലിന്യ സംസ്കരണം, ജൈവ-അജൈവ മാലിന്യങ്ങളുടെ വേർതിരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, പൊതുസ്ഥലങ്ങൾ ശുചിയായി സംരക്ഷിക്കൽ, ഹരിതചട്ടങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് പ്രചരണ വാഹനത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ശുചിത്വ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഓരോ പൗരന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പി.പി. മുഹമ്മദ് റാഫിപറഞ്ഞു. പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻമാരായ കെ. സതീശൻ, ഷമീന മുഹമ്മദ്, ഇ. ചന്ദ്രമതി, കൗൺസിലർമാരായ രാജം, ശ്രീനിവാസൻ, ഷജീർ, സതീശൻ കെ., പി. യു. രാമകൃഷ്ണൻ, പി. ശാന്ത എം., പ്രകാശൻ കെ വ്യാപാരി-വ്യവസായി പ്രതിനിധി വിനോദ് കുമാർ, ക്ലീൻ സിറ്റി മാനേജർ വി. കെ. കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന വി. വി., ഷിജു കെ., ആശാമേരി, ടിജോ കെ. ജോർജ്, കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയർ നീതു,ഹരിതകർമസേന കൺസോഴ്യം സെക്രട്ടറി, പ്രസിഡന്റ്, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ എല്ലാ വാർഡുകളിലൂടെയും പര്യടനം നടത്തുന്ന ശുചിത്വ സന്ദേശ വാഹനം മാലിന്യമുക്തവും ആരോഗ്യകരവുമായ നഗരനിർമാണത്തിന് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചുകൊണ്ടാണ് പ്രചാരണം നടത്തുന്നത്. (24/07/2026) |
|
| കുടുംബശ്രീ മോഡൽ CDS പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ ശ്രീ പി.പി മുഹമ്മദ് റാഫി നിർവ്വഹിച്ചു | നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ CDS പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ ശ്രീ പി.പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദുരാജ് അദ്ധ്യക്ഷയായി.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി പി.എം സന്ധ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷമീന മുഹമ്മദ്, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇ.ചന്ദ്രമതി,മുനിസിപ്പൽ സെക്രട്ടറി ശ്രീമതി അനുപമ സദാനന്ദൻ, കൗൺസിലർമാരായ ശ്രീമതി സുനിത.കെ.വി, ശ്രീമതി ലീല.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KSDC കാസറഗോഡ് ജില്ലാ മാനേജർ ശ്രീമതി രജിത.എസ്.എസ് പദ്ധതി വിശദീകരണം നടത്തി.CDS മെമ്പർ സെക്രട്ടറി ശ്രീ ഷിജു.കെ സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി പി. ജാനകി നന്ദിയും പറഞ്ഞു. CDS അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെ 61 പേർ പങ്കെടുത്തു.7 അയൽക്കൂട്ടങ്ങളിലെ 46 അംഗങ്ങൾ പദ്ധതിയുടെ ഭാഗമായി 5980000/- രൂപ വായ്പ വിതരണം ചെയ്തു |
|
| നീലേശ്വരം നഗരസഭ മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു | മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനുമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. |
|